കാസർഗോഡ്: സിപിഎം കാസർഗോഡ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. പിണറായിയുടെ സമീപനവും സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് യോഗത്തിൽ വിമർശനമുയർന്നു.
ജനങ്ങളോട് വീട്ടിൽ പോയി പറയാൻ പറഞ്ഞതുപോലുള്ള മുഖ്യമന്ത്രിയുടെ സമീപനം തിരിച്ചടിയായെന്നാണ് യോഗത്തിൽ ഉയർന്ന വിമർശനം. മുഖ്യമന്ത്രിയുടെ പല നടപടികളും ഏകപക്ഷീയമായിരുന്നുവെന്നും ഭരണത്തിനിടെ പാർട്ടി ദുർബലമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണം ഉപയോഗപ്പെടുത്തി പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ തൃക്കരിപ്പൂരിലെ പരാജയത്തിന് പ്രധാന കാരണമായി. തൃക്കരിപ്പൂരിലും ഉദുമയിലും മുസ്ലിം വോട്ടുകളുടെ ഏകീകരണം ഉണ്ടായതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.
ജില്ലാ കമ്മിറ്റി അംഗങ്ങൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വർധിക്കുന്നതായും യോഗത്തിൽ വിമർശനമുയർന്നു. യുവ നേതാക്കളിൽ പലരും പാർട്ടി സ്ഥാനങ്ങളിൽ എത്താൻ അമിത താൽപര്യം പ്രകടിപ്പിക്കുകയാണെന്നും അതിനായി വളഞ്ഞ വഴികൾ തേടുകയാണെന്നും വിമർശനമുണ്ടായി.